11:18am 20 August 2026
NEWS
“എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല; ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...”
20/08/2026  06:00 AM IST
nila
“എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല; ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...”

ആലപ്പുഴ: “എന്നെ സ്നേഹിക്കാൻ ആരുമുണ്ടായിരുന്നില്ല; ആ ആന്റിയെപ്പോലൊരു അമ്മ എനിക്കുണ്ടായിരുന്നെങ്കിൽ ഞാനിങ്ങനെ ആയിപ്പോവില്ലായിരുന്നു...” വനിതാ എസ്.ഐയോട് ഇതുപറഞ്ഞ് പൊട്ടിക്കരഞ്ഞ് 13കാരി. ഹരിപ്പാട് കരുവാറ്റയിൽ 67കാരനായ മുത്തച്ഛനെ കൊലപ്പെടുത്തി കവർച്ച നടത്താൻ ആസൂത്രണം ചെയ്ത കേസിലെ പ്രതിയായ കൊച്ചുമകളാണ് ചോദ്യം ചെയ്യലിനിടെ വികാരാധീനയായത്.

സ്വന്തം വീട്ടിൽ മോഷണം നടത്താൻ പദ്ധതിയിട്ടതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിനോട് കർശനമായി നിർദേശിച്ചതും താനാണെന്ന് പെൺകുട്ടി അന്വേഷണ സംഘത്തോട് സമ്മതിച്ചു. എന്നാൽ ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുടെ പ്രതികരണത്തിൽ കുറ്റബോധം പ്രകടമായിരുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

കുടുംബത്തിലെ പ്രശ്നങ്ങളും ചിൽഡ്രൻസ് ഹോമിലും ബന്ധുവീടുകളിലുമായി മാറിമാറി താമസിക്കേണ്ടിവന്ന സാഹചര്യവും പെൺകുട്ടിയുടെ മാനസികനിലയെ ബാധിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരം പെൺകുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. കേസിലെ മറ്റ് മൂന്ന് ആൺകുട്ടികളെയും കഴിഞ്ഞ ദിവസം സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചിരുന്നു.

അതേസമയം, കൊല്ലപ്പെട്ട 67കാരന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.